ആണ് കവിത / പെണ് കവിത എന്നിങ്ങനെ രണ്ടായി മുറിച്ച ഒരു മനസുകൊണ്ട് തന്നെയാണ് ആശാലതയുടെ കടല്‍പ്പച്ച ഞാനും വായിച്ചത്. എന്റെ ജൈവബോധം ലിംഗത്തെ കുറിച്ചുള്ള ആവലാതികളില്‍ പെട്ട് ഉഴന്നിട്ടുന്ദ്. അപ്പോഴൊക്കെ എനിക്ക് ലഭ്യമായ അറിവുകള്‍ക്ക് ഒരു സമത്വ ബോധം കൈ വരണമെന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. എന്തായാലും ഞാനും അന്വേഷണത്തിന്റെ പാതയില്‍ തന്നെയാണ്. എങ്കിലും പുരുഷ കേന്ദ്രിതമായ ഒരു ലോകത്ത് കുറ്റ ബോധത്തോടെ മാത്രമേ ജീവിക്കാന്‍ ആകുന്നുള്ളൂ. ഞാന്‍ കവിത എഴുതുമ്പോള്‍ ഭാഷയിലും രാഷ്ട്രീയത്തിലും അങ്ങനെ ഒരു ജൈവ ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആശാലെതയുടെ കവിതകള്‍ വായിക്കുമ്പോള്‍ അത് എന്നെ കുറേകൂടി ശക്തനാക്കുന്നു.
ആണുങ്ങളുടെ മാത്രം വിയര്‍പ്പു മണത്തില്‍ മുങ്ങി കിടന്ന മലയാള fiction സാഹിത്യത്തില്‍ സാറ ജോസഫ് എന്ന എഴുത്തുകാരി വാക്കുകള്‍ക്ക് പുതിയൊരു രാഷ്ട്ര തന്ത്രം മെനഞ്ഞത് പോലെ കവിതയില്‍ മാധവിക്കുട്ടി മാത്രമായിരുന്നു ഒരു ആശ്വാസം. എന്നാല്‍ പുതുതായി എഴുതപ്പെടുന്ന കവിതകളില്‍ സ്വാതന്ത്ര്യം സൃഷ്ടികളില്‍ മാത്രം ഒതുങ്ങുന്ന ഒരു തന്ത്രം മാത്രം ആകുന്നു. സത്യസന്ധത ചോര്‍ന്നു പോകുന്നു. അതുകൊണ്ട് ഇന്നുണ്ടാകുന്ന തുറന്നെഴുത്തുകള്‍ എത്രമാത്രം ആത്മാര്തമെന്നു പറയുകെ വയ്യ.
കടല്‍പ്പച്ച എന്നെ ആവേശ ഭരിതനാക്കുന്നത് അത് വരള്‍ച്ചയെ ആഘോഷിക്കുന്നില്ല എന്നത് കൊണ്ടാണ്. പുതിയ കവികള്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്ന വൈകാരികത വാക്കിലും ഭാഷയിലും സംതുലനവസ്ഥയില്‍ നില നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവണം സദാചാരത്തിന്റെ സംസ്ക്കാരതടവില്‍ പരോള്‍ ലഭിക്കാതിരുന്നിട്ടും കടല്‍പ്പച്ചയിലെ കവിത ആരുമറിയാതെ പുറത്തു കടന്നു കടലും നിലാവും കണ്ടു തിരിച്ചു പോരുന്നത്. പ (പു) രുഷ ലോകത്തിലേക്ക് പിറക്കാനിരിക്കുന്ന മകളോടുള്ള അഭ്യര്തനയില്‍ മഹാ കാളിയായി വേണം നീ ഭൂമിയിലേക്ക് വരാന്‍ എന്നുള്ള ആഹ്വാനം കവിതയിലൂടെയുള്ള ഒരു ധൈര്യ പെടുത്തലാകുന്നു.
സമാഹാരത്തിലെ ഒരു പെണ്‍കുട്ടി കൂട്ടുകാരി നാലാം തരം കഴിഞ്ഞു അപ്രത്യക്ഷയായി. എന്റെ കൂട്ടുകാരി PhD കഴിഞ്ഞു. പക്ഷെ അവള്‍ open defence കഴിഞ്ഞ് ഏതെങ്കിലും പുരുഷന്‍ ചൂണ്ടുന്ന അടുക്കളയിലെക്കാണ് മടങ്ങുന്നത്. വിദ്യാഭാസം ഒരാളെയും ഉണര്താത്ത കാലത്ത് ലജ്ജയോടെ മാത്രമേ ജീവിക്കാനാകൂ. ഓരോ വധുവും അവിശ്വസ്ത മാത്രമല്ല. അവിശുദ്ധ കൂടിയാണെന്നാണ് അവര്‍ പറഞ്ഞു പരത്തുന്നത്. എത്രയോ വധുക്കളുടെ ഉടലളിഞ്ഞ കായല്‍ ആണ് നമ്മുടെ ചരിത്രം? എന്നിട്ടും ഒരു നാണവുമില്ലാതെ നാമതില്‍ നീന്തി കൊണ്ടേ ഇരിക്കുന്നു; ഭജനവും തത്വ ശാസ്ത്രവും ഉരുവിട്ടുകൊണ്ട്!
എല്ലാ സ്വപ്നങ്ങളിലും ബസ്സ് തെറ്റി കയറുന്ന, മഴ ഉണ്ടെന്നറിഞ്ഞിട്ടും കുട എടുക്കാത്ത ഒരാള്‍ ചേച്ചിയുടെ എല്ലാ കവിതകളിലും ഉണ്ട്. ചില കവിതകളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാന്ത്രിക ലോകങ്ങള്‍ (ഉദാ: ഒട്ടകം, ലാസ്സര്‍) എന്നെ വിസ്മയിപ്പിക്കുന്നു.
നക്ഷത്ര കുഞ്ഞുങ്ങളെ തിന്നുന്ന ഒരു കടുവയുടെ സാന്നിധ്യം ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും ഞാന്‍ കാണുന്നു. സത്യത്തില്‍ ചരിത്രം മുഴുവന്‍ അവന്റെ കാലടയാലങ്ങളാണ്. അവന്‍ മെനഞ്ഞതാണ് ഭാഷയും ഭരണകൂടവും. അവന്‍ തന്നെയാണ് എല്ലാ അമ്മമാരുടെയും പള്ളയ്ക്കു തൊഴിക്കുന്നത്. പെണ്ണുങ്ങളെ അനുസരണയുള്ള മൃഗമായി അടുക്കളയില്‍ തള്ളുന്നത്. സമത്വം എന്നത് സമഗ്രമായ ഒരു ജൈവ ബോധത്തിന്റെ വിത്തില്‍ നിന്നാണ് ഉണരേണ്ടത്. ആണ് ആണിന് വേണ്ടിയും പെണ്ണ് പെണ്ണിന് വേണ്ടിയും വാദിക്കുന്നതിലെ പൊള്ളത്തരങ്ങള്‍ക്ക് അപ്പുറം പ്രകൃതിയിലെ അവരവരുടെ സ്ഥാനങ്ങളെ സ്വയം അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം പരസ്പരം അംഗീകരിക്കുന്നതിലും പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നതിലും ആണ് എന്തെങ്കിലും അര്‍ത്ഥമുള്ളത്. കടല്‍പ്പച്ച പ്രകൃതിയിലേക്ക് കൈ ചൂണ്ടുന്നു.
No comments:
Post a Comment